പുതിയ മാര്‍പാപ്പയ്ക്ക് തെരഞ്ഞടുക്കല്‍ ഇന്ന് ആരംഭിക്കും; കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കമായി. സിസ്‌റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കുര്‍ബാനയോടെയാണ് കോണ്‍ക്ലേവ് ഔപചാരികമായി ആരംഭിച്ചത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 173 കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ച നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ക്ലേവിന് മുന്‍പായി സാന്താ മാര്‍ത്താ അതിഥിമന്ദിറത്തിലേക്ക് കര്‍ദിനാള്‍മാര്‍ താമസം മാറ്റി. ബാലറ്റുകള്‍ കത്തിക്കുന്ന സ്റ്റൗ അടുപ്പും പുകക്കുഴലും സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുക്കി. വ്യാഴാഴ്ച വോട്ടെടുപ്പ് ആരംഭിക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം ഡയറക്ടര്‍ മാറ്റിയോ ബ്രൂണി വ്യക്തമാക്കി. ആദ്യ വോട്ടെടുപ്പില്‍ വിജയമുണ്ടായാല്‍ വെള്ളപ്പുക ഉയരും; പരാജയപ്പെട്ടാല്‍ കറുപ്പുക. അതിനുശേഷം വീണ്ടും വോട്ടെടുപ്പ് നടക്കും. പൂര്‍ണ്ണ രഹസ്യത്വം ഉറപ്പാക്കുന്നതിന് സിസ്റ്റൈന്‍ ചാപ്പലിന് ചുറ്റും സിഗ്‌നല്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാര്‍പാപ്പ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വോട്ടുകള്‍ ലഭിക്കും വരെ വോട്ടെടുപ്പ് തുടരും. മാര്‍പാപ്പയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തിയതും, രണ്ട് വര്‍ഷവും ഒന്‍പത് മാസവും നീണ്ടതുമായ കോണ്‍ക്ലേവുകളും ചരിത്രത്തിലുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങുന്നത്.